Kattampallee's



പുരുഷന്‍ തോണ്ടുകയോ അടുത്തിരിന്നു സംസാരിക്കുകയോ ചെയ്താല്‍പോലും അതിന്റെ പേരില്‍ ചാനലിലും പത്രത്തിലും ആവേശപൂര്‍വം അനുഭവകഥകളും പുരുഷന്മാരെമുഴുവന്‍ പ്രതികളാക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങളും പതിവ്കാഴ്ചകളായി മാറുകയാണ്.പുരുഷവര്‍ഗം മുഴുവന്‍ വേട്ടക്കാരും സ്ത്രീകള്‍ മുഴുവന്‍ അതിന്റെ ഇരകളും ആക്കപ്പെടുന്ന വിചിത്രമായ കാലമാണിത്. ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ഇത്തരം സംഭവങ്ങള്‍ അനുദിനമെന്നോണം പെരുകുന്നു.
പീഡനം ഒരു പത്തുപതിനഞ്ചുവര്‍ഷം മുമ്പുവരെ വലിയ കുഴപ്പം പിടിച്ചതല്ലാത്ത ഒരു പാവം വാക്കായിരുന്നു. രാവിലെ മുതല്‍ അന്തിവരെ ജോലി ചെയ്തു കഷ്ടപ്പെടുത്തി, ശമ്പളം കൊടുക്കാതെ കഷ്ടപ്പെടുത്തി, എന്നൊക്കെയുള്ള സാമാന്യ അര്‍ത്ഥത്തിലാണ് പീഡനം, കഷ്ടപ്പെടുത്തല്‍,എന്ന മട്ടിലൊക്കെ കേട്ടിരുന്നത്. പെട്ടന്നാണ് ഈ വാക്ക് വില്ലനായി മാറിയത്. കാമവെറി പൂണ്ട പുരുഷന്‍ പരസ്യമായും രഹസ്യമായും സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ നടത്തുന്ന പൈശാചികമായ പ്രവൃത്തി എന്ന രൂപത്തില്‍ പീഡനം വില്ലനായി മാറി.പീഡനങ്ങള്‍ അപ്പൂപ്പന്‍താടിയായി കാറ്റില്‍ പറക്കുകയും പീഡനമെന്ന് പറയാന്‍തക്ക എരിവും പുളിയുമില്ലാത്ത പല പ്രശ്‌നങ്ങളും ഈ പേരില്‍ അരങ്ങേറ്റം നടത്തുന്നുമുണ്ട്. ഒന്നു വിരട്ടി ഒതുക്കാവുന്ന പൂവാലന്മാരെ വലിയ പീഡനമ്മാവന്‍മാരാക്കിമാറ്റി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പീഡനകഥകളില്‍ നായികമാരായവര്‍ പരമപരിശുദ്ധരും പുരുഷന്‍ പരമനീചനും പ്രതിയും ആക്കപ്പെടുന്നു. സ്ത്രീയുടെ മാത്രം പരാതിയില്‍ പുരുഷന്‍ അപമാനിതനാവുന്നു. അയാളുടെ കുടുംബത്തിന് തീര്‍ത്താല്‍തീരാത്ത മാനഹാനിയുണ്ടാവുന്നു. ശിക്ഷിക്കപ്പെടുന്നു. ചിലര്‍ ആത്മഹത്യ ചെയ്യുന്നു.
പ്രതികരണശേഷിയും ലേശം ചുണയുമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും എളുപ്പം പരിഹരിക്കാവുന്നതാണ്. തൊട്ടു,കണ്ണടിച്ചു,ആംഗ്യങ്ങള്‍ കാണിച്ചു എന്നൊക്കെ പറഞ്ഞ് പുരുഷനെ പ്രതിയാക്കി കടുത്ത ശിക്ഷവാങ്ങികൊടുത്ത് അല്ലെങ്കില്‍ അവരെ അപമാനിക്കുന്നത് പതിവാണ്. പുരുഷന് ഒരു ചപല നിമിഷത്തില്‍, ബുദ്ധിമോശംകൊണ്ട് സംഭവിച്ചതായിരിക്കാം അതിന്റെ പേരിലുണ്ടായ മാനഹാനി ഭയന്ന് അയാള്‍ ആത്മഹത്യ ചെയ്താല്‍ ഏതു നിയമം അനുസരിച്ച് സ്ത്രീയ്ക്ക് ശിക്ഷ കൊടുക്കാന്‍ പറ്റും?ട്രെയിനിലോ,ബസ്സിലോ,പ്ലെയിനിലോ തിങ്ങിനിറഞ്ഞ വീഥികളിലുമൊക്കെ ആളുകള്‍ ഒരുമിച്ചു യാത്രചെയ്യുമ്പോള്‍ ഒന്നു മുട്ടി,തുറിച്ചുനോക്കി,എന്നൊക്കെ പറഞ്ഞ് പീഡന ശ്രമമാക്കുന്ന സഹോദരിമാര്‍ ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ച് പെരുമ്പറ മുഴക്കി ആരവമുണ്ടാക്കാതെ, മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമായ പ്രവര്‍ത്തികള്‍ ചെയ്യാതെ സ്വയം പരിഹരിക്കാവന്നതാണെങ്കില്‍ അങ്ങനെ ചെയ്യുന്നതല്ലെ ഉത്തമം. അതിനുപകരം നിസ്സാര സംഭവങ്ങളുടെ പേരില്‍പോലും കേസ്, കോടതി, മാനഹാനി എന്നൊക്കെ പറഞ്ഞ് നടക്കേണ്ടതുണ്ടോ. പീഡിപ്പിക്കാന്‍ വന്നേ എന്നുപറഞ്ഞ് മുറവിളി കൂട്ടുന്നതിനു മുമ്പ് അതില്‍ പ്രതികളാകുന്നവരുടെ ഭാവിയും നോക്കണം. അവര്‍ക്ക് വിശദീകരണം നല്‍കാന്‍ പോലും അവസരമില്ല, സ്ത്രീ പറയുന്നതു മാത്രം കേട്ട് പുരുഷനെ ശിക്ഷിക്കുന്നു.
കേരളത്തിന് പുറത്ത് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെക്കാലമായി സ്വന്തമായി ഒരുതൊഴില്‍ സ്ഥാപനം നടത്തുന്ന ആളാണ് ഞാന്‍. രാത്രിയിലും പകലും ട്രെയിനിലും ബസ്സിലുമൊക്കെ പലതവണ തനിച്ച യാത്രചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം തോണ്ടലോ സമീപനമോ കണ്ടാല്‍ അപ്പോള്‍തന്നെ പ്രതികരിക്കുന്ന സ്വഭാവക്കാരിയാണ് ഞാന്‍. ആദ്യം മര്യാദയ്ക്ക് കൈമാറ്റിവെയ്ക്കാനോ നീങ്ങിയിരിക്കാനോ സംസാരംനിറുത്താനോ പറയും പിന്നെ ചിലപ്പോള്‍ കടുപ്പിച്ചു പറയും. തീര്‍ന്നു. പിന്നെ ശല്യമുണ്ടായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴും എവിടെയും തനിച്ച് യാത്രചെയ്യാന്‍ എനിക്കൊരു ഭയവുമില്ല. ഏതു പീഡകര്‍വന്നാലും അവരെ മാന്യമായി കൈകാര്യംചെയ്യാമെന്ന് ആത്മവിശ്വാസവുമുണ്ട്. വേണമെങ്കില്‍ ഉറക്കെ ശാസിക്കാം അതാണ് രണ്ടാമത്തെ വഴി അതുമല്ലെങ്കില്‍ പിന്നെയും ശല്യം തുടര്‍ന്നാല്‍ ചെരുപ്പൂരി കരണത്ത് രണ്ട് പൂശാനും തയ്യാര്‍.പക്ഷേ അതൊന്നും എനിക്ക് വേണ്ടിവന്നിട്ടില്ല. കാരണം ആദ്യം തന്നെ തന്നെ നമ്മള്‍ ശക്തിയായി പ്രതികരിച്ചാല്‍ തൊണ്ണൂറു ശതമാനം പീഡകരും പിന്‍മാറുമെന്നാണ് എനിക്ക് തോന്നിയിട്ടിള്ളുത്.
പിന്നെ വളരെ ബോധപൂര്‍വം സ്ത്രീയെ വശപ്പെടുത്തുകയും ബലാത്ക്കാരേണ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചക്കുകയും ചെയ്യുന്ന ചിലരുണ്ടാവാം. അവര്‍ ഒരു തരം 'പെര്‍വര്‍ട്ടാ'യിരിക്കും.അല്ലെങ്കില്‍ മദ്യത്തിനോ അല്ലെങ്കില്‍ അത്തരം ലഹരികള്‍ക്കോ അടിമകളായിരിക്കും. ആ ലഹരിയുടെ ആവേശത്തിലായിരിക്കും അധികവും ഇത്തരത്തിലുള്ള കടുംകൈയ്യുകള്‍ ചെയ്യാന്‍ തയ്യാറാവുക. മറ്റൊരു കൂട്ടരുണ്ട് അവര്‍ കള്ളന്മാരെപോലെ വളരെ കെണിയൊരുക്കി കുഴിയില്‍ ചാടിക്കാവുന്നരായിരിക്കും. ഇങ്ങനെയൊക്കെ നിരപരാധികളെ കാമവെറിപൂണ്ടവര്‍ ആക്രമിക്കപ്പെടുന്നത് കഠിനമായി ശിക്ഷിക്കപ്പെടേണ്ടതുതന്നെ എന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല.സൗമ്യവധം പോലുള്ള ചില സംഭവങ്ങളില്‍ പ്രതിയ്ക്ക് വധശിക്ഷ കൊടുത്താലും മതിയാവില്ല. സ്ത്രീകള്‍ ധൈര്യത്തോടെ ഇടപെട്ടാല്‍, നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ വലിയ പീഡനമാക്കി മാറ്റി ഒച്ചവെയ്ക്കുന്നതിനോട് മാത്രം എനിക്ക് യോജിക്കാനാവില്ല.
സിനിമയായിരുന്നു പീഡനങ്ങളുടെ ചരിത്രത്തിലെ ആദ്യ മേഖല. സിനിമയില്‍ അഭിനയിക്കാന്‍ എന്നു പറഞ്ഞ് ഇറങ്ങിതിരിക്കുന്നവര്‍ പലര്‍ക്കും വഴങ്ങി കൊടുക്കേണ്ടിവരികയും അതിലൂടെ ചെറിയ ചെറിയ വേഷങ്ങള്‍ ലഭിച്ച് ആ രംഗത്ത് എക്‌സട്രാ നടിയായും ചിലപ്പോള്‍ നായികയായും വരെ വളര്‍ന്നവര്‍ ഉണ്ട്. അത്തരം നുറുനൂറ് അനുഭവങ്ങള്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഇവിടെയും പീഡനത്തിന്റെ മാനദണ്ഡം രണ്ടുതരത്തിലാണ്. പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി ചാന്‍സ് എന്ന മോഹവുമായി നടക്കുന്നവരെയാണ്, സിനിമാക്കാരും മൊതലാക്കിയിരുന്നത്. ഇതില്‍ കൊടുക്കുന്ന ആള്‍ക്കോ, വാങ്ങുന്ന ആള്‍ക്കോ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. എന്നാല്‍ സിനിമ കോടാമ്പക്കത്തുനിന്ന് കേരളത്തിലേക്ക് എത്തിയതോടെ ഈ രീതിയ്ക്ക് മാറ്റംവന്നു. ഇപ്പോള്‍ സിനിമാക്കാരെപ്പറ്റി ഇങ്ങനെ അധികം കേള്‍ക്കുന്നില്ല. എന്നാലും അവസരങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യലും അതുമുതലാക്കാന്‍ ശ്രമിക്കുന്ന ചിലരും ഇപ്പോഴും ഈ രംഗത്തുണ്ടാവാം. എന്നാല്‍ പൊതുവേ അവയ്‌ക്കെല്ലാം നിയന്ത്രണവും മാന്യതയും വന്നതോടെയാണ് നല്ല വിദ്യാഭ്യസവും കുടുംബപശ്ചാത്തലുവുമുള്ളവര്‍ സിനിമയില്‍ എത്തുകയും മാന്യമായി തൊഴില്‍ ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടിള്ളുത്.
സിനിമയില്‍ അഭിനയിക്കാനും മറ്റും അവസരങ്ങള്‍ തേടിനടക്കുന്നവര്‍ അതിന്റെ ചതിക്കുഴികള്‍ കൂടി മനസ്സിലാക്കിയിട്ടാണ് ഈ രംഗത്തേക്കിറങ്ങുന്നത്. ചിലര്‍ അതില്‍ വീണാലും കാര്യമാക്കാതെ മുന്നോട്ടുപോകുന്നു കൂടുതല്‍ പണവും അവസരങ്ങളും ഉണ്ടാക്കുന്നു. തൊഴില്‍മേഖലയില്‍പോലും ഇതുപോലെ പലവിട്ടുവീഴ്ചകള്‍ക്കും തയ്യാറായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉണ്ടാക്കുന്നുവരുണ്ട് പ്രത്യേകിച്ചും വലിയ തൊഴില്‍മേഖലകളില്‍. ഇവരില്‍ ചിലര്‍ പ്രലോഭനങ്ങള്‍ക്ക് അടിമകളാകുന്നവരാണ്. ഇങ്ങനെ എന്തിന്റെ പേരിലാണെങ്കിലും അവസരങ്ങള്‍ മുതലാക്കി പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറായശേഷം, കുറേക്കാലം കഴിഞ്ഞ് ഇക്കാര്യം പുറത്തറിയുന്ന സ്ഥിതി വരുമ്പോള്‍ തന്നെ പീഡിപ്പിച്ചേയെന്നു പറഞ്ഞ് നിരപരാധി ചമയാറുണ്ട്. ചുമരിന്റെയും ഇരുളിന്റേയും മറവില്‍ സ്വയംബോധത്തോടെ സുഖം തേടിപ്പോയവര്‍ ഒടുവില്‍ പീഡനത്തിന്റെ പരമപരിശുദ്ധകളായ ഇരകളായി സ്വയം അവരോധിക്കുന്നു.ഇതിന്റെ പേരില്‍ പുരുഷനെമാത്രം ഏറ്റവും ക്രുരനായി പ്രതിസ്ഥാനത്തു നിറുത്തുന്നു, സ്ത്രീ ഭാരതസ്ത്രീകള്‍തന്‍ ഭാവശുദ്ധിയോടെ എല്ലാവരുടേയും സഹതാപം നേടുന്നു.
ഇതിനൊക്കെ ഇറങ്ങിതിരിക്കുന്ന സ്ത്രീകള്‍ അബലകളല്ല,തബലകളാണ്, ആര്‍ക്കുംമട്ടാം, താളം പിഴച്ചാല്‍ പീഡനമാവുമെന്നുമാത്രം.'നീ സ്വന്തം ആഗ്രഹത്താല്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ഞങ്ങളെ അറിയിച്ചിട്ടാണോ പോയതെന്ന്' ചോദിക്കാന്‍ ആരും തയ്യാറാകാറില്ല. അതിനുപകരം പീഡനത്തിന്റെ പേരില്‍ മൈക്കുകള്‍ക്കും ക്യാമറകള്‍ക്കും മുന്നില്‍ ധീരധീരം പുരുഷനെ, പുരുഷവര്‍ഗത്തെ മുഴുവന്‍ ആക്ഷേിപിച്ച് രസിക്കുകയും സ്വയം പരിശുദ്ധയാകുകയും ചെയ്യുന്നു. കേരളത്തിലെ പല പീഡനകഥകളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇത്തരം ചില സത്യങ്ങള്‍ കാണാം. അവിടെ പെണ്‍കുട്ടി പല നാളുകളായി പലരോടൊപ്പം ഹോട്ടല്‍മുറികളിലും അതുപോലെയുളള കേന്ദ്രങ്ങളിലും താമസിക്കുന്നു. ബോംബെയിലോ, ഹൈദ്രാബാദിലോ, ബാംഗഌരോ ചെന്നൈയിലോ ഒക്കെ പലയിടത്ത് ഹോട്ടല്‍ മുറികളില്‍ പലകാലം മാറിമാറി താമസിച്ച് ബിസിനസ്സ് നടത്തുന്നു. പലയിടത്തും തന്റെ ഇരകളുമായി കൂട്ടുചേര്‍ന്ന് സഞ്ചരിക്കുന്നു. നല്‍കുന്ന സുഖത്തിന് ആവശ്യത്തിലേറെ പണം നേടുന്നു. അവരെ ഇത്തരംകേന്ദ്രങ്ങളില്‍ എത്തിച്ചുകൊടുക്കാന്‍ സ്വന്തക്കാര്‍തന്നെ ചിലപ്പോള്‍ സ്വന്തം സഹോദരനും പിതാവും കൂട്ടുകാരികളും വരെ സഹായികളാകുന്നു. എന്നാല്‍ ഇങ്ങനെ കുറെക്കാലം നടന്ന് ആവശ്യത്തിന് 'ബിസിനസ്സ്' നടത്തിയിട്ട് ഒരു സുപ്രഭാതത്തില്‍ പിടിക്കപ്പെടുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ പരസ്യമാക്കമെടുമ്പോള്‍ പെണ്‍കുട്ടി പരിമ പരിശുദ്ധയായി നില്‍ക്കുകയും തന്നെ ഉപയോഗപ്പെടുത്തിയവരെയെല്ലം ചൂണ്ടിക്കാണിച്ച് കേസും പൊല്ലാപ്പുകളും ഉണ്ടാക്കുന്നു. ഇവിടെയു സ്ത്രീ പറയുന്നതുമാത്രമാണ് കണക്കിലെടുക്കുന്നത്. അവള്‍ ആ വഴി സഞ്ചരിച്ചതിനെപ്പറ്റിയോ ഇത്രയുംകാലം അങ്ങനെ ജീവിച്ചതിന്റെ ചരിത്രമോ ആരും പരിശോധിക്കുന്നില്ല. കണ്ണും വായും മൂടിക്കെട്ടി ബലാത്ക്കാരേണ അവളെ പിടിച്ചുകെട്ടിയില്ല ഈ ഹോട്ടല്‍മുറികളിലും പല ദേശങ്ങളിലും മാറിമാറിതാമസിപ്പിത്. അപ്പോഴെല്ലാം അവരുമായി സഹകരിക്കുകയും ആവശ്യത്തിന് ഉല്ലസിച്ച് പണംനേടുകയും ചെയ്തു.പലയിടത്തും ഒപ്പം താമസിച്ച്, പലയിടത്തും ഒപ്പം സഞ്ചരിച്ച് വില്‍പ്പനയ്ക്കായി സ്വയംമനസ്സാലെ വന്നിട്ടും ഉപഭോക്താക്കളെല്ലാം കുറ്റകാവാളികളാകുന്നു. സ്മാര്‍ത്ത വിചാരത്തിലേതു പോലെ അവള്‍ ഓരോ പേരു വിളിച്ചു പറയുകയാണ്. അവരെല്ലാം പ്രതികളാകുകയാണ്. ഒരു പീഡന സംഭവത്തില്‍ ഇങ്ങനെ 150 ലേറെപേരെയാണ് പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയത്. അത്രയുംപേരുമായി അത്രയുംകാലം കഴിഞ്ഞതിന്റെ ന്യായഅന്യായങ്ങളെപ്പറ്റി ആരും അന്വേഷിക്കുന്നില്ല. അവളുടെ വീട്ടുകാര്‍ക്ക് ഇതിലുള്ള പങ്കിനെപ്പറ്റി ആരും അന്വേഷിക്കുന്നില്ല. അവിടെ പെണ്‍കുട്ടി നിരപരാധിയും അവളുടെ ഇടപാടുകരെല്ലാം കൊടും കാമകിങ്കരന്‍മാരുമായി മാറുന്നു. അവരുടെ സ്വസ്തതയും മാനവും കുടുംബജീവിതംപോലും താറുമാറാകുന്നു.
പൃഷ്ട ഭാഗത്തിന്റെ വിഭജനം തെളിഞ്ഞുകാണാവുന്ന തരത്തിലുള്ള ജീന്‍സുകളും ശരീരത്തോട ഒട്ടികിടക്കുന്ന രീതിയിലുള്ള നേര്‍ത്ത വസ്ത്രങ്ങളും ബ്രേസിയര്‍പോലും അണിയാതെയും, അണിഞ്ഞാലും അണിയാത്തപോലെ തോന്നുന്നവിധത്തില്‍ തുള്ളിതുളിമ്പിച്ച് ത്രസിപ്പിച്ച് കൃത്രിമമായി മുഴുപ്പിച്ച് സ്ത്രീകള്‍ നടക്കുന്ന രീതികള്‍ മാറണം. അല്‍പ്പവസ്ത്രധാരണവും മൂടിമറക്കേണ്ട ശരീരഭാഗങ്ങള്‍ 'റ്റാറ്റു'പോലുള്ള ചിത്രപ്രദര്‍ശനം നടത്താനുള്ള ഗാലറിയാക്കി മാറ്റുന്നതും ഒഴിവാക്കണം. ഫാഷന്‍ എന്ന പേരും പറഞ്ഞ് ശരാശരി ശരീരമുള്ള ഒരു പെണ്‍കുട്ടി അവള്‍ക്ക് അണിയാന്‍ പാകത്തിലുള്ള വസ്ത്രങ്ങള്‍ അണിയണം. അല്ലാതെ ഫാഷന്‍ എന്ന പേരില്‍ ഒരു കിലോ അരി നിറയ്്ക്കാനുള്ള സഞ്ചിയില്‍ മൂന്നുകിലോ അരി നിറയ്്ക്കുന്നതുപോലെ സ്വന്തം ശരീരത്തിന്റെ അളവറിയാതെ കുത്തിനിറയ്ക്കുന്ന, വളരെ ഇറുകിപിടിച്ച വസ്ത്രങ്ങള്‍ അണിയുന്നതും നിറുത്തിയിരുന്നെങ്കില്‍. പല പീഡനങ്ങള്‍ക്കും പ്രലോഭനമാകാന്‍ ഇത്തരത്തിലുള്ള വസ്ത്രധാരണവും ഒരുകാരണമല്ലേ.
മുനിവര്യന്‍മാരുടെ തപസ്സിളക്കാന്‍ അല്‍പ്പവസ്ത്രധാരികളായ അപ്‌സരകന്യകമാര്‍ നൃത്തമാടിയിരുന്നു. അതിന്റെ വേറെയൊരുതരം അവതരണമാണ് ഇപ്പോഴത്തെ വസ്ത്രധാരണവും, പൊക്കിള്‍ പോലും കാട്ടിക്കൊണ്ടുള്ള, മറച്ചും മറയ്ക്കാതെയുമുള്ള വസ്ത്രധാരണം എന്ന പ്രദര്‍ശനം. ഇതൊക്കെ ഞങ്ങള്‍ കാണിക്കും നിങ്ങള്‍ നോക്കിയാല്‍ ആവേശം കൊണ്ടാല്‍ നിന്നെ ശിക്ഷിപ്പിക്കും എന്ന മട്ടാണിത്. അതുകൊണ്ട് പുരുഷന്മാര്‍ സൂക്ഷിക്കുക. ഇതു പറയുമ്പോള്‍ കോപിക്കുന്നത് ഇങ്ങനെ വേഷംകെട്ടി നടക്കുന്നവരല്ല. സ്ത്രീപക്ഷവാദികളായ ചില ഫെമിനിസ്റ്റുകളാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തിലുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നും അത്തരം അല്‍പ്പവസ്ത്രധാരണം ഒരു പ്രലോഭനവും ഉണ്ടാക്കില്ലെന്നും ഇതൊക്കെ അര്‍ത്ഥമില്ലാത്തന്യായങ്ങളാണെന്നും അവര്‍ പറയും. അവരോട് സഹതപിക്കുകയല്ലാതെ എന്തു പറയാന്‍. സ്ത്രീകളെ 'സെക്്‌സി' എന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞപ്പോള്‍ അതെത്ര ഗൗരവമായെടുത്താണ് പ്രതിഷേധവും പ്രസ്താവനയുമായി ഇക്കൂട്ടര്‍ രംഗത്തെത്തിയത്. സെക്‌സി എന്ന വാക്കിനും കാലക്രമേണ പീഡനം എന്ന വാക്കിനുവന്ന അര്‍ത്ഥവിത്യാസമുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.വിവാഹത്തിനുമുമ്പുള്ള സ്ത്രീയുടെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് നടി ഖുശ്ബു പറഞ്ഞപ്പോള്‍ തമിഴ്‌നാട്ടില്‍ എന്തുപുകിലാണ് ഉണ്ടായത്.ഇതൊന്നും ആരും പറയാന്‍പാടില്ല. അങ്ങനെയൊക്കെ ആകാമെന്നുമാത്രം.
പ്രലോഭിതരാവുന്നതും വാസ്്തവത്തില്‍ പീഡിതരാവുന്നതും പുരുഷന്മാര്‍ തന്നെ. പൂജാരിയെന്നോ,പാതിരിയെന്നോ, ഭരണാധികാരിയെന്നോ പൊതുപ്രവര്‍ത്തകനെന്നോ ഭേദമന്യേ പീഡനത്തിന്റെ പീഠത്തില്‍ ഇരുത്തപ്പെടുന്നത് പുരുഷന്‍ മാത്രം. പുരുഷന്റെ വരുമാനത്തിന്റെ അതിര്‍വരമ്പുകള്‍ മനസ്സിലാക്കാതെ അയല്‍ക്കാരുടേയും സുഹൃത്തുക്കളുടേയും ഒപ്പത്തിനൊപ്പം പൊങ്ങച്ചം കാണിക്കാന്‍വേണ്ടി ഭര്‍ത്താവിനെ നിര്‍ബ്ബന്ധിതനാക്കി ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങി അവനെ കടക്കെണിയില്‍ ആഴ്ത്തി ആത്മഹത്യയുടെ വക്കില്‍വരെ എത്തിക്കാറുണ്ട്. ഭാര്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി പെടാപാടുന്ന ഇത്തരം പുരുഷന്‍മാര്‍ യഥാര്‍ത്ഥത്തില്‍ പീഡിതരല്ലേ?.ഇതും ഒരുതരത്തില്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന ഗാര്‍ഹികപീഡനം തന്നെയല്ലേ? പണവും സുഖഭോഗങ്ങളും മുറയ്ക്ക് കിട്ടിക്കൊണ്ടിരിക്കിരിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ ആ വരവ് നിന്നുപോയാല്‍ പിന്നെ പുരുഷന്‍ വില്ലനാകുന്നു. പ്രതിക്കൂട്ടില്‍ നിറുത്തപ്പെടുന്നു.
പുരുഷപീഡനത്തിന്റെ അനുഭവങ്ങള്‍ക്ക് വിലയില്ലാതായിരിക്കുന്നു. ഭര്‍ത്താവ് അറിയാതെ പരപുരഷനെ കിടപ്പറയില്‍ വലിച്ചുകയറ്റുന്ന സ്ത്രീ. ഭര്‍ത്താവും കുട്ടികളുമുണ്ടായിട്ടും ചെറുപ്പക്കാരനായ കാമുകനോടൊപ്പം രഹസ്യവേഴ്ചകള്‍ക്കൊരുങ്ങുന്നതും, ഒടുവില്‍ വീടും സ്വന്തം ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച് താത്ക്കാലിക സുഖം തേടി കാമുകനോടൊപ്പം ഒളിച്ചോടുന്ന സ്ത്രീകള്‍. അവിടെയും കുറ്റവാളി പുരുഷന്‍ മാത്രം. പരപരുഷനുമായി ബന്ധപ്പെട്ട ഭാര്യ മൂലം അപമാനിതനാകുന്ന ഭര്‍ത്താവിന്റെ ദുഃഖം പീഡനമല്ലേ. അവിടെയും സ്ത്രീകളേ ആരം കുറ്റപ്പെടുത്തുന്നില്ല അവര്‍ക്കെപ്പോഴും മാന്യതയുടെ സുരക്ഷ നല്‍കുന്നു. നാടിന്റെ ഭരണാധികാരിയെവരെ ബോംബുവെച്ച് കൊല്ലാന്‍ കഴിവുള്ള സ്ത്രീകള്‍ ഉണ്ട്. അവള്‍ ജയിലില്‍ ഗര്‍ഭിണിയായപ്പോള്‍ സ്ത്രീയെന്ന പരിഗണനയാല്‍ വേണ്ടവണ്ണം പരിപാലിക്കപ്പെടുന്നു. മറിച്ച് പുരുഷനോ? അവന് ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനാല്‍ ദയാവായ്പുകള്‍ ഇല്ലാതെ കഴുമരംകാത്ത് ദിവസങ്ങള്‍ എണ്ണി കഴിയേണ്ടിവരുന്നു.
സ്ത്രീ പരുഷന്റെ വാമഭാഗമാണെന്നും പുരുഷനൊപ്പം സ്ത്രീകള്‍ക്കും തുല്യതവേണമെന്ന് വീമ്പുവിളമ്പിയാല്‍ മാത്രം പോരാ. ശിക്ഷാനടപടികളും തുല്യമായിരിക്കണം. അതുപോലെ സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹികപീഡനം നിരവധി നാം കേട്ടിട്ടുണ്ട്. പക്ഷേ പുരുഷന്‍ അനുഭവിക്കുന്ന ഇത്തരം പീഡനങ്ങള്‍ ആരെങ്കിലും തമാശയായിട്ടല്ലാതെ മുഖവിലയ്ക്കുപോലും എടുക്കാറുണ്ടോ?

(Adopted from other source)

Categories:

Leave a Reply